Saturday, September 18, 2010

ഒരു മരക്കഷ്‌ണത്തിന്റെ കഥ

ഒരു മരക്കഷ്‌ണത്തിന്റെ കഥ. പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ അതെന്തൊരു കഥയെന്നു ആശ്ചര്യം തോന്നാം. അങ്ങിനെയും ഒരു കഥയുണ്ട്‌ സുഹൃത്തേ. ഇത്‌ എന്റെ അനുഭവങ്ങളായതുകൊണ്ട്‌ അക്ഷരങ്ങള്‍ വേണ്ടത്ര ക്രമീകരിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു. പണ്ടുമുതല്‍ക്കെ അങ്ങിനെയാണ്‌ പലകാര്യങ്ങളിലും വേണ്ടത്ര ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ ചില പോരായ്‌മകളൊക്കെ എനിക്കുണ്ടായിരുന്നു. പറഞ്ഞുവരുന്നത്‌ എന്റെ ഓര്‍മ്മയിലെ ഒരു മരക്കഷ്‌ണത്തെക്കുറിച്ചാണ്‌. ഈയിടെ അവധിക്ക്‌ നാട്ടില്‍ പോയപ്പോഴാണ്‌ ആ പഴയ മരക്കഷ്‌ണത്തെക്കുറിച്ച്‌ വീണ്ടും ഓര്‍ത്തുപോയത്‌. പല തവണ തിരഞ്ഞു നോക്കിയിട്ടും എനിക്കത്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട്‌ ആ ജോലി ഭാര്യയെ ഏല്‍പ്പിച്ചു. ആ മരക്കഷ്‌ണത്തെക്കുറിച്ച്‌ ഇത്രയേറെ എന്ത്‌ ഓര്‍മ്മിക്കാന്‍ എന്നല്ലേ. കാര്യമുണ്ട്‌. എന്റെ ഓര്‍മ്മയില്‍ മറക്കാനാവാത്ത ഒരു സ്ഥാനമാണ്‌ അതിനുള്ളത്‌. അത്‌ എന്റെ അച്ഛച്ചനും മറ്റ്‌ കുടുംബാംഗങ്ങളുമെല്ലാമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ എപ്പോഴും ഞാന്‍ നടക്കുന്നത്‌ അച്ഛാച്ചന്റെ കൂടെയായിരുന്നു. വീട്ടില്‍ കിഴക്കേ അകത്തു അച്ഛാച്ചന്റെ കൂടെ കിടക്കാന്‍ ഏട്ടനോട്‌ വഴക്കുകൂടിയത്‌ ഇപ്പോഴും ഓര്‍ക്കുന്നു. പിന്നീട്‌ സ്‌ക്കൂളില്‍ നിന്നും അവധിക്ക്‌ വരുമ്പോഴും അച്ഛച്ചന്‍ വേണം എല്ലാറ്റിനും. അച്ഛാച്ചന്‌ മുറുക്കാന്‍ ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതിനാല്‍ എന്റെ പ്രധാന ജോലി അടയ്‌ക്ക അമ്മിയിലിട്ട്‌ ചതച്ചുകൊടുക്കലായിരുന്നു. എനിക്ക്‌ എട്ടുവയസ്സുള്ളപ്പോഴാണ്‌ വയ്‌ക്കോല്‍ കൊണ്ട്‌ മേഞ്ഞിരുന്ന വീടിന്റെ പൂമുഖവും അടുക്കളയും ഓടിടുന്നത്‌. അന്നൊക്കെ വീട്ടില്‍ പണിക്കുവന്നിരുന്ന കുഞ്ഞുണ്ണി ആശാരിക്കൊപ്പം കുശലം പറയാന്‍ അച്ഛാച്ചന്റെയൊപ്പം ഞാനും പോയിരിക്കുന്നത്‌ പതിവായിരുന്നു. മുറിച്ചുമാറ്റിയ തെങ്ങിന്റെ മരത്തടി കണ്ടപ്പോള്‍ എനിക്ക്‌ കൗതുകം തോന്നി അതുകൊണ്ട്‌ അച്ഛാച്ചന്‌ മുറുക്കാന്‍ ചതക്കാന്‍ ഒരു സംവിധാനം ഉണ്ടാക്കാം എന്ന്‌ വിചാരിച്ചു. നല്ല ഒരു തടിക്കഷ്‌ണം ഞാന്‍ അതില്‍നിന്നും മാറ്റിവെച്ചു. എന്നിട്ട്‌ ഉളിക്കായി കുറെ നേരം കാത്തുനിന്നു. പക്ഷെ ഉളി എടുക്കരുതെന്ന്‌ ആശാരിയും അദ്ദേഹത്തിന്റെ മകന്‍ ഗോപിയേട്ടനും സ്‌നേഹത്തോടെ എന്നോട്‌ പറഞ്ഞു. ഞാന്‍ നേരെ പോയി അമ്മയുടെ അടുത്ത്‌ ചെന്ന്‌ പൊട്ടിയ സ്റ്റീല്‍ തവി എടുത്തുകൊണ്ടു വന്നു. അതിന്റെ അറ്റം മൂര്‍ച്ച കൂട്ടി ഉളിക്ക്‌ പകരമായി ഉപയോഗിച്ചു. രണ്ട്‌ ദിവസത്തെ പരിശ്രമത്തിന്‌ ശേഷം മരത്തടിയില്‍ ആഴത്തില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി. മുറുക്കാന്‍ ചതക്കാന്‍ പറ്റുന്ന രൂപത്തിലാക്കി. അതില്‍ ഞാന്‍ അച്ഛാച്ചന്റെ പേര്‌ ഇംഗ്ലീഷില്‍ കൊത്തിവെച്ചു. ആദ്യമൊന്നും അച്ഛാച്ചന്‍ അത്‌ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ എന്നോട്‌ മുറുക്കാന്‍ ചതച്ചുകൊണ്ടുവരാന്‍ പറയുമ്പോള്‍ അമ്മിക്കു പകരം ഞാന്‍ അതുപയോഗിച്ചു ചതച്ചുകൊടുക്കുമായിരുന്നു. മുറുക്കാന്‍ അതിലിട്ടു ചതക്കാന്‍ ഇരുമ്പില്‍ തീര്‍ത്ത കമ്പികഷ്‌ണം ഞാന്‍ അച്ഛാച്ചന്റെ മുറുക്കാന്‍പെട്ടിയില്‍ കൊണ്ടിട്ടു. പിന്നെ അച്ഛാച്ചന്‍ അടുത്താരെയും കാണാത്തപ്പോള്‍ അതുപയോഗിച്ച്‌ സ്വയം മുറുക്കാന്‍ ചതക്കുമായിരുന്നു. പിന്നെ വര്‍ഷങ്ങളോളം അച്ഛാച്ചന്‍ അത്‌ തന്നെ ഉപയോഗിക്കുന്നത്‌ ഞാന്‍ കണ്ടു. മരിക്കുന്നതിന്‌ മുന്‍പ്‌ ഓര്‍മ്മ നിശ്ശേഷം പോകുന്നത്‌ വരെ. അച്ഛാച്ചന്റെ ഓര്‍മ്മ പോയെന്നും തളര്‍ന്നുകിടപ്പായെന്നും വിദേശത്തായിരുന്ന എനിക്ക്‌ ഫോണ്‍ വന്നപ്പോള്‍ ആ പഴയ മരക്കഷ്‌ണം ഓര്‍ത്തുപോയി. പിന്നീട്‌ ആ ഓര്‍മ്മകളെല്ലാം എവിടെപ്പോയൊളിച്ചു എന്നെനിക്കറിയില്ല.

5 comments:

  1. തേച്ചു മിനുക്കിയാല്‍ ഏതു ക്ലാവുപിടിച്ച ഓട്ടുപത്രവും തിളങ്ങും എന്ന് ഉറപ്പായി.
    വിരല്തുംബിലെ കൂടുതല്‍ ഇതളുകള്‍ക്കായി കാത്തിരിക്കുന്നു.
    അടുക്കും ചിട്ടയും ഇല്ലാത്തത് അടുക്കും ചിട്ടയും ആക്കിയിരിക്കുന്നു.
    സുഹൃത്തിനു നന്ദി.

    ReplyDelete
  2. A touching story.Enjoyed reading.You are really blessed with the art of writing.Way to go empeeee....Keep going.

    ReplyDelete
  3. nice story. athu nannayi avatharipichittum undu. u r talented. keep going... ALL THE BEST vinuetta.

    ReplyDelete
  4. Eda.. Valare nannyittundu..thudarnnu ezhuthanam.. all the best..

    ReplyDelete