Tuesday, November 2, 2010

പൊതുജനം കഴുതയാണത്രേ! ആണോ?

കഴുത കഴുത എന്ന് കേട്ടുകേട്ട് മടുത്തു. പൊതുജനം കഴുത എന്നത് ഇലക്ഷന്‍ സമയത്ത് സ്ഥിരം കേള്‍ക്കുന്ന ഒരു പ്രയോഗമാണ്. പൊതുജനം കഴുതയാണത്രേ. ആണോ? കഴുതകള്‍ക്ക് വേറെ മാര്‍ഗമില്ലാത്തതിനാലാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പലപ്പോഴും ഇലക്ഷനില്‍ പ്രതിഫലിക്കുന്നത്. കറ കളഞ്ഞ രാഷ്ട്രീയമില്ലാതെ മാറി വോട്ടുചെയ്യുന്നവരാണ് ഇവിടുത്തെ വിജയികളെ തെരഞ്ഞെടുക്കുന്നത്. ഇത്തരക്കാര്‍ക്ക് വേറെ വഴികളൊന്നും ഇല്ലാത്തതിനാലാണ് കാലാകാലങ്ങളായി ഭരിക്കുന്ന പാര്‍ട്ടിക്ക് എതിരായി വോട്ടുചെയ്യുന്നത്. വേണമെങ്കില്‍ എന്ത് സംഭവിച്ചാലും വോട്ടു മാറ്റികുത്താത്ത ആളുകളെ നമുക്ക് കഴുതകളെന്നു വിളിക്കാം.

എന്നാല്‍ ബാക്കിയുള്ളവരെ അങ്ങിനെ വിളിക്കാമോ?  ഇനി സംഭവിക്കാന്‍ പോകുന്നത് എന്താണെന്ന് നമുക്ക് നോക്കാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ ക്ഷീണം മുഖ്യമന്ത്രിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സ്വാഭാവികമായി നീക്കം നടക്കും. എന്നാല്‍ അച്ച്യുതാനന്ദനെ പാര്‍ട്ടിക്ക് അതീതമായി സ്‌നേഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അത് പുച്ഛിച്ചു തള്ളും. ഈ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം നടത്തിയ ഐക്യജനാധിപത്യമുന്നണി വരുന്ന നിയമസഭ ഇലക്ഷന്‍ മുന്നില്‍ കണ്ട് അതിനുള്ള തയ്യാറെടുപ്പ് അഥവാ സീറ്റിനുവേണ്ടിയുള്ള അടിപിടി ഇപ്പോഴേ ആരംഭിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. ബിജെപിയാകട്ടെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയം നേടി മൂന്നാം ശക്തിയായി വളരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. അടുത്ത ഇലക്ഷനെ മുന്നില്‍ കണ്ട് സിപിഎം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ കുറച്ചുകാലത്തേക്കെങ്കിലും വര്‍ഗ്ഗീയവോട്ടുകള്‍ ലക്ഷ്യം വെച്ച് ഘടകകക്ഷികളെ കൂട്ടാനുള്ള ശ്രമം തുടങ്ങും.

ഭൂരിപക്ഷ വര്‍ഗ്ഗീയതയെ തള്ളിപ്പറഞ്ഞ് ന്യൂനപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഇവരാണ് സത്യത്തില്‍ നമ്മുടെ നാട്ടില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നത്. മറ്റ് വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ട് അധികാര കാലാവധി തീരാറായാല്‍ പാര്‍ട്ടിയുടെ ആശയങ്ങളെ തള്ളിപ്പറഞ്ഞ് ഒരു പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ അല്ലെങ്കില്‍ പുറത്താക്കപ്പെട്ടവരെ മറ്റേ പാര്‍ട്ടി സ്വീകരിച്ചു ആനയിക്കുന്ന കാഴ്ച്ച കേരളത്തിലെ ജനങ്ങള്‍ അടുത്ത കാലത്ത് കണ്ടതാണ്. എന്നാല്‍ വിമതന്‍മാര്‍ ഒന്നിച്ചുനിന്ന് ശക്തി തെളിയിക്കുന്നതും ജനങ്ങള്‍ അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടു. എന്തായാലും മൂന്നാംമുന്നണി സംവിധാനം വിദൂരത്തായതിനാല്‍ മറ്റുപോംവഴികളില്ലാതെ ഇരുമുന്നണികളെയും മാറി മാറി വിജയിപ്പിക്കുന്ന ജനതയെ കഴുതകളെന്ന് നമുക്ക് വിളിക്കാനാവില്ല.

 ഭേദപ്പെട്ട ഒരു മൂന്നാംമുന്നണി വരുംകാലങ്ങളില്‍ വരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അത് വിമതന്‍മാരോ മറ്റുപാര്‍ട്ടികളില്‍ നിന്നും പുറത്താക്കപ്പെട്ടവരോ ആരുമായിക്കൊള്ളട്ടെ. ഒന്നിച്ചുനിന്ന് കരുത്ത് തെളിയിക്കപ്പെട്ടാല്‍ അധികം താമസിയാതെ ജനം അവരുടെ കൂടെ നില്‍ക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. അതിനാല്‍ ഇനിയും പൊതുജനത്തെ കഴുത എന്നുവിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ജനങ്ങള്‍ കാത്തിരിക്കുകയാണ് അധികാരത്തില്‍ അഹങ്കരിക്കുന്നവരെയും അധികാരം മോഹിച്ച് അടിപിടി കൂടുന്നവരെയും ഒരു പാഠം പഠിപ്പിക്കാന്‍.