Thursday, October 28, 2010

കളിയില്‍ അല്‍പ്പം കാര്യം


 കൊയ്ത്തുകഴിഞ്ഞ പാടം ചവിട്ടിനികത്തുന്നതും ഹര്‍ത്താല്‍ ദിവസം നടുറോഡ് കളിക്കായി സജ്ജമാക്കുന്നതുമെല്ലാം ഫുട്‌ബോള്‍ കളിയില്‍ കമ്പം കയറിയാല്‍ ചെയ്യുന്ന ചില അഭ്യാസങ്ങളാണ്.

ഫുട്‌ബോള്‍ ആവേശം ഏറ്റവും കൂടുതലുള്ള മലപ്പുറത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമമായതിനാലാകും എന്റെ നാട്ടിലും ആളുകള്‍ക്ക് ഈ കളിയോട് ഒരു പ്രത്യേക ഭ്രാന്താണ്. വേനല്‍ അവധിക്ക് കൊയ്തുകഴിഞ്ഞ നെല്‍പ്പാടം ഞങ്ങളെ കാത്ത് കിടപ്പുണ്ടാകും. രണ്ടാഴ്ച്ചയെങ്കിലും കളിച്ചാലെ പാടം കളിക്കാന്‍ പറ്റുന്ന രൂപത്തിലാകു. കളിക്കുമുണ്ടായിരുന്നു ചില പ്രത്യേകതകള്‍. ഇവിടെ കളിക്കുവാന്‍ പ്രായപരിധിയില്ല. സ്‌ക്കൂള്‍കുട്ടികള്‍ മുതല്‍ റിട്ടയേര്‍ഡ് അധ്യാപകര്‍ വരെ ഒരുമിച്ചാണ് കളി. ഒരു ടീമില്‍ ഇത്ര പേരുണ്ടാകണം എന്നൊന്നും നിബന്ധനയില്ല. അതാണ് കളിയുടെ ഒരു സ്‌റ്റൈലും ഹരവും. താല്‍പ്പര്യമുള്ള ആര്‍ക്കും കൂടാം. കളി തുടങ്ങാന്‍ പ്രത്യേക സമയമില്ല. 

ഏകദേശം സന്ധ്യയോടെ കളി തുടങ്ങാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ആള്‍ക്കാര്‍ ഗ്രൗണ്ടില്‍ വന്നാല്‍ കളി തുടങ്ങുകയായി. തുടങ്ങുമ്പോള്‍ 7 പേരോളം ഉണ്ടെങ്കില്‍ അവസാനിക്കുമ്പോഴേക്കും കുറഞ്ഞത് 25 പേരെങ്കിലും കാണും ഒരു ടീമില്‍. എത്ര ക്ഷീണിച്ചാലും നിര്‍ത്താത്ത വാശിയേറിയ കളി. അവസാനം ഇരുട്ടുപരക്കുന്നതോടെ പന്തു കാണാന്‍ വയ്യ എന്നുബോധ്യമായാല്‍ മാത്രമേ കളിക്ക് അവസാനമുള്ളു. 

അങ്ങിനെ ഒരു ദിവസം വാശിയോടെ കളി പൊടിപൊടിക്കുകയാണ്. അന്ന് പതിവിലും കൂടുതല്‍ ആളുകളുണ്ട്. പന്തുപോലും വ്യക്തമായി കാണാന്‍ പറ്റാത്ത അവസ്ഥ. ദൂരെനിന്നുനോക്കിയാല്‍ എന്തിനോ വേണ്ടി കടിപിടി കൂടുന്ന കുറെ ജനകൂട്ടമാണെന്നു തോന്നും. ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയതിനാല്‍ കളി നിര്‍ത്താനും വിഷമം. എതിര്‍ടീമിന് ഗോള്‍ ഉറപ്പാകും എന്നു തോന്നിപ്പിക്കുന്ന ഒരുഗ്രന്‍ ഷോട്ട് പെട്ടെന്ന് ചന്ദ്രേട്ടന്റെ കയ്യില്‍ തട്ടി. ഞങ്ങളോടൊപ്പം സ്ഥിരമായി കളിക്കാന്‍ ചേരുന്ന 45 കാരനായ ചന്ദ്രേട്ടന്‍  ഗോളി അല്ലാത്തതിനാല്‍ പെനാല്‍റ്റി അടിക്കണം എന്നായി ഞങ്ങള്‍. എന്നാല്‍ ചന്ദ്രേട്ടനാകട്ടെ ഒരുപൊടിക്കു സമ്മതിക്കുന്നില്ല. കയ്യില്‍ കൊണ്ടിട്ടില്ല എന്നും ദേഹത്തുതട്ടി തെറിച്ചതാണെന്നും ഒരേ വാദം. അടുത്തുനിന്ന പലരും ഈ കാഴ്ച്ച വ്യക്തമായി കണ്ടതാണ്. പക്ഷെ ഹാന്റ് ആയിട്ടില്ല എന്ന ചന്ദ്രേട്ടന്റെ ഉറപ്പിനാല്‍ അയാളുടെ ടീമംഗങ്ങളെല്ലാം ഹാന്റല്ല എന്നു വാദിച്ചു. തുടര്‍ന്നു രണ്ടു ടീമുകളും ഇതേ ചൊല്ലി തര്‍ക്കമായി. വേണ്ടത്ര ബഹളം. തല്‍ക്കാലത്തേക്ക് കളി നിര്‍ത്തി സമനിലയില്‍ പിരിഞ്ഞു. 

തൊട്ടടുത്ത ദിവസം പതിവുപോലെ കളി തുടങ്ങി. ഇടയ്ക്കിടെ എല്ലാവരും ചന്ദ്രേട്ടനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ചന്ദ്രേട്ടനെന്തു പറ്റി. ഇന്നലത്തെ സംഭവത്തെ തുടര്‍ന്നു അങ്ങേരു വരാത്തതാണോ? കളി നിര്‍ത്തിക്കളയാന്‍ മാത്രം തെറ്റായിട്ടൊന്നും ആരും പറഞ്ഞില്ലല്ലോ. എല്ലാവര്‍ക്കും വിഷമം. പിരിയാന്‍ നേരം അതാ അദ്ഭുതപ്പെടുത്തുന്ന ആ കാഴ്ച്ച. ഒരു ഓട്ടോയില്‍ ചന്ദ്രേട്ടന്‍ വന്നിറങ്ങുന്നു. ആശുപത്രിയില്‍ നിന്നും നേരിട്ടുവരുന്ന വഴിയാണത്രേ. വലതു കയ്യില്‍ കനത്തില്‍ ഒരു പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു. കൈയ്ക്കു ഇതെന്തുപറ്റിയതാ ചന്ദ്രേട്ടാ. ഓ ഒന്നും പറയണ്ട ഇന്നലത്തെ ആ അടിയില്‍ കയ്യിന്റെ എല്ലുതന്നെ പൊട്ടിയിരുന്നു. ഇന്നലെ ഹാന്റ് ആയിരുന്നു എന്നു വാദിച്ച ഞങ്ങളുടെ ടീമംഗങ്ങള്‍ക്ക് ചെറിയ ആശ്വാസമായി ചന്ദ്രേട്ടന്റെ വാക്കുകള്‍. കയ്യില്‍ പന്ത് കൊണ്ട് എല്ലു പൊട്ടിയിട്ടും ഹാന്റല്ല എന്നു പറഞ്ഞ് കളി തുടര്‍ന്ന ചന്ദ്രേട്ടന്റെ കളിയോടുള്ള ആത്മാര്‍ത്ഥത അപ്പോള്‍ സമ്മതിച്ചുകൊടുത്തല്ലേ പറ്റു. മേലാല്‍ കളിയില്‍ കള്ളം പറയരുത് എന്ന താക്കീത് നല്‍കാനും മറന്നില്ല.